New dam at Mullaperiyar-Demand to speed up work

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കേന്ദ്ര ജല കമ്മിഷന്‍ ചെയര്‍മാന്‍ കുശ്‌വിന്ദര്‍ വോറയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. തമിഴ്‌നാടിന് കരാര്‍ പ്രകാരം ജലം നല്‍കാന്‍ കേരളം പ്രതിജ്ഞാബദ്ധമാണ്. പുതിയ അണക്കെട്ട് നിര്‍മിച്ചാലും കരാര്‍ പ്രകാരം ജലം നല്‍കാന്‍ കേരളം തയാറാണെന്നും കേരളം വ്യക്തമാക്കി.
കാലാവധി കഴിഞ്ഞ അണക്കെട്ട് ഡീക്കമ്മിഷന്‍ ചെയ്തു പുതിയ ഡാം നിര്‍മിക്കണം. അതുവഴി ജനങ്ങള്‍ക്കുള്ള ആശങ്ക നീക്കണം. ഇതാണ് കേരളത്തിന്റെ ആവശ്യം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ അവലോകനം ചെയ്യുന്നതിന് ആവശ്യമായ ടേംസ് ഓഫ് റഫറന്‍സ് നിശ്ചിയിക്കാന്‍ തമിഴ്‌നാടിനോട് കേന്ദ്ര ജല കമ്മിഷന്‍ നിര്‍ദേശിച്ചത് സംസ്ഥാനത്തിന് ഏറെ ആശ്വാസം പകരുന്ന നടപടിയാണ്. ഈ രംഗത്തെ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി പഠനം എത്രയും വേഗം പൂര്‍ത്തിയാക്കി പുതിയ ഡാം നിര്‍മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
1958 ല്‍ ഒപ്പിട്ട പറമ്പികുളം – ആളിയാര്‍ കരാര്‍ പുനപരിശോധിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനോടകം രണ്ട് പുനപരിശോധനകള്‍ നടത്തേണ്ടിയിരുന്നെങ്കിലും അതുണ്ടായില്ല. എത്രയും വേഗം കേന്ദ്ര ജല കമ്മിഷന്‍ ഇടപെട്ട് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കണമെന്നും അഭ്യര്‍ഥിച്ചു.