Water authority to new areas to increase revenue

വരുമാനം വർധിപ്പിക്കാൻ പുതിയ മേഖലകളിലേക്ക് ജല അതോറിറ്റി

മ്യൂസിയവും, ഇൻഫോടെയിൻമെന്റ് പാർക്കുകളും തുടങ്ങും,അതിഥി മന്ദിരങ്ങൾ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും

ജല അതോറിറ്റിയുടെ വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം അടക്കമുള്ള മേഖലകളിലേക്ക് കടക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആലപ്പുഴ എംഎൽഎ പി.പി. ചിത്തരഞ്ജന്റെ ഉപചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ജല അതോറിറ്റിയുടെ ശുദ്ധീകരണ ശാലകളും ജലസംഭരണികളും സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹരമായ സ്ഥലങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കി വിനോദ സഞ്ചാരത്തിന് ഉതകംവിധം വികസിപ്പിക്കാനാണ് പദ്ധതി. വാട്ടർ അതോറിറ്റിയുടെ പക്കലുള്ള അതിഥി മന്ദിരങ്ങൾ പുതുക്കി പണിയുകയും നിലവിൽ അതിഥി മന്ദിരങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയത് നിർമിക്കുകയും ചെയ്യും. പൊതുജനങ്ങൾക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്തു താമസിക്കാവുന്ന തരത്തിലാകും ക്രമീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.

വാട്ടർ അതോറിറ്റിയുടെ സ്ഥലങ്ങളിൽ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ അറിവും ആഘോഷവും സമന്വയിപ്പിച്ചുള്ള ഇൻഫോടെയിൻമെന്റ് കേന്ദ്രങ്ങൾ ഒരുക്കുന്ന നടപടികൾക്ക് തുടക്കം കുറിച്ചു. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്ത് മ്യൂസിയം ജംഗ്ഷനിൽ ക്യാപ്റ്റൻ ലക്ഷ്മി പാർക്കിന് സമീപം കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ ഇൻഫോടെയിൻമെന്റ് പാർക്ക് സ്ഥാപിക്കാനാണ് തീരുമാനം.

കൺവൻഷൻ സെന്ററുകളും വാണിജ്യ കേന്ദ്രങ്ങളും നിർമിച്ചു വാടകയ്ക്കു നൽകി വരുമാനം വർധിപ്പിക്കുന്നതും പരിശോധിച്ചു വരികയാണ്. തിരുവനന്തപുരം വെള്ളയമ്പലത്തുള്ള 90 വർഷം പഴക്കമുള്ള കേരള വാട്ടർ അതോറിറ്റിയുടെ ആസ്ഥാന മന്ദിരത്തിൽ വാട്ടർ മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചതായും മന്ത്രി അറിയിച്ചു.

പുരാതന കെട്ടിടത്തിന്റെ തനിമ നിലനിർത്തിയാകും മ്യൂസിയം ഒരുക്കുക. ആധുനിക സാങ്കേതികവിദ്യയുടെ സാഹയത്തോടെ ചരിത്രം, ജലശുദ്ധീകരണത്തിന്റെ പ്രാധാന്യം, സാങ്കേതിക ഘടങ്ങളുടെ പ്രോട്ടോടൈപ്പ് എന്നിവ സംയോജിപ്പിച്ച് ആറു ഗാലറികളിലായിതയാറാക്കുന്ന മ്യൂസിയത്തിൽ വിനോദവും വിജ്ഞാനവും കോർത്തിണക്കുന്ന രീതിയിലാണ് വിഭാവം ചെയ്യുകക, അതോറിറ്റിയുടെ നിലവിലുള്ള പരിശീലന കേന്ദ്രങ്ങളിൽ പ്ലംബിങ്, ജലശുദ്ധീകരണം തുടങ്ങിയ മേഖലകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്, ശേഷി വികസന പരിശീലനം തുടങ്ങിയവ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.