Revised norms for major works

വലിയ പ്രവൃത്തികൾക്ക് പുതുക്കിയ മാനദണ്ഡങ്ങൾ

കൂടുതൽ വാൽവുകൾ സ്ഥാപിക്കുന്നത് പഠിച്ചു റിപ്പോർട്ട നൽകാനും നിർദേശം

നഗരങ്ങളിലടക്കം ജനങ്ങളെ വ്യാപകമായി ബാധിക്കുന്ന വലിയ പ്രവൃത്തികൾ ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ തയാറാക്കാൻ നിർദേശം നൽകി. തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധിയെ തുടർന്ന് വിളിച്ചു ചേർത്ത ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്.

മുൻപുണ്ടായിരുന്ന മാനദണ്ഡങ്ങൾ പരിഷ്‌കരിച്ചാകും പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജ്യർ (എസ്ഒപി) തയാറാക്കുക. പുതുക്കിയ മാനദണ്ഡം അനുസരിച്ചു മാത്രമേ ഇനി മുതൽ പ്രവൃത്തികൾ നടപ്പിലാക്കാവൂ എന്ന് സിഇ തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് നിർദേശം നൽകും.

മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള വലിയ പ്രവൃത്തികളുടെ വിശദാംശങ്ങൾ പ്രവൃത്തി നടക്കുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനങ്ങളെ/ കോർപറേഷനെ/ജില്ലാ ഭരണകൂടത്തെയും മുൻകൂട്ടി അറിയിക്കും. ജനങ്ങളെയും എസ്എംഎസ് മുഖേന വിവരം അറിയിക്കും. കുടിവെള്ളം കൂടുതൽ സമയത്തേക്ക് മുടങ്ങുകയാണെങ്കിൽ പകരം സംവിധാനം ഒരുക്കാൻ നടപടി സ്വീകരിക്കണം. പ്രവൃത്തി പൂർത്തിയാകുന്നതിനുള്ള സമയം കൃത്യമായി രേഖപ്പെടുത്തണം. ഓരോ പ്രവൃത്തിയുടെയും ഉത്തരവാദിത്വം ഒരു ഉദ്യോഗസ്ഥനിൽ നിഷിപ്തമായിരിക്കും. ഇതു നിരീക്ഷിക്കാൻ ഒരു മുതിർന്ന ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തണമെന്നും നിർദേശിച്ചു.

കരാറുകരാന്റെ പ്രവർത്തി പരിചയം പരശോധിച്ചു മാത്രമേ കരാർ നൽകുകയുള്ളൂ. ഇതിനു പുറമേ കരാറുകാരന് മതിയായ ഉപകരണങ്ങളും തൊഴിലാളികളും ഉണ്ടെന്നും ഉറപ്പു വരുത്തും. പെട്ടെന്നുള്ള പ്രവർത്തികൾക്ക് ടെൻഡൻ നൽകാൻ സമയം ലഭിക്കില്ല എന്നതിനാൽ പ്രധാന കരാറുകാരെ ഓരോ സർക്കിളിലും എംപാനൽ ചെയ്യും. മുൻകൂട്ടി ആസൂത്രണം ചെയ്തിട്ടുള്ള പ്രവൃത്തികൾ 7 ദിവസം മുൻപ് ഉപഭോക്താക്കളെ എസ്എംഎസ് മുഖേന നേരിട്ട് അറിയിക്കണമെന്നും നിർദേശം നൽകി.

പ്രവർത്തന ക്ഷമം അല്ലാത്ത വാൽവുകൾ കണ്ടെത്തി പ്രവർത്തനക്ഷമമാക്കും. കൂടുതൽ വാൽവുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് പഠിച്ചു വിശദമായ റിപ്പോർട്ട് നൽകാനും മന്ത്രി നിർദേശിച്ചു. ഇതുവഴി വെള്ളം മുടങ്ങുന്ന സ്ഥലം പരിമിതപ്പെടുത്താൻ സാധിക്കും. നഗരപ്രദേശങ്ങളിൽ ഓൾട്ടർനേറ്റീവായി പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് സാധ്യതാ പഠനം നടത്തും. തിരുവനന്തപുരത്ത് നെയ്യാർ ഡാമിൽ നിന്ന് കാട്ടാക്കട- മലയൻകീഴ്- പേയാട്- കുണ്ടമൺകടവ്- പിടിപി നഗറിലേക്ക് നേരിട്ട് എത്തിച്ച് കുടിവെള്ള വിതരണം നടത്തുന്ന പദ്ധതി അടുത്ത വർഷത്തേക്ക് ടെൻഡർ ചെയ്യാൻ സാധിക്കുന്ന തരത്തിൽ നടപടികൾ പുരോഗമിക്കുകയാണ്.