സംസ്ഥാനത്തെ ഏറ്റവും വലിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയായി തോട്ടുമുഖം
ബൃഹത് ജലസേചന പദ്ധതിയായ തോട്ടുമുഖം ഇറിഗേഷൻ പദ്ധതി നാടിനു സമർപ്പിച്ചു
600 ഹെക്ടർ കൃഷിഭൂമിയിൽ ജലസേചനവും ശുദ്ധജല വിതരണവും പൂർത്തീകരിച്ചു
രണ്ടാംഘട്ട പൂർത്തീകരണത്തോടെ 900 ഹെക്ടർ കൃഷിഭൂമിയിൽ ജലം എത്തും
തോട്ടു മുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിലൂടെ 900 ഹെക്ടർ കൃഷി ഭൂമിയിലേയ്ക്ക് ജലം എത്തിക്കാനുള്ള പ്രവർത്തനങ്ങൾ രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കും. വരന്തരപ്പിളളി ഗ്രാമപഞ്ചായത്തിലെ ബൃഹത് ജലസേചന പദ്ധതിയായ തോട്ടുമുഖം ഇറിഗേഷൻ പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചു.
നിലവിലെ സംസ്ഥാനത്തെ ഏറ്റവും വലിയ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയാണ് തോട്ടുമുഖം. 600 ഹെക്ടറിലിധികം കൃഷി ഭൂമിയിലേക്ക് ജലം എത്തിക്കാനും ശുദ്ധജലക്ഷാമം പരിഹരിക്കാനും പദ്ധതിയിലൂടെ സാധ്യമായി. ഈ ലക്ഷ്യ പ്രാപ്തിയിലൂടെ കാർഷികമേഖലയിൽ ഗുണകരമായ മാറ്റം സൃഷ്ടിക്കാൻ തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് കഴിയും.
പുതുക്കാട് നിയോജകമണ്ഡലത്തിൽ ജലജീവൻ മിഷന്റെ ഭാഗമായി 430 കോടി രൂപയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള ശ്രമങ്ങൾ അവസാനഘട്ടത്തിലാണ്. സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ സർവ്വതല സ്പർശിയായ വികസനങ്ങൾക്കാണ് സർക്കാർ എന്നും ഊന്നൽ നൽകുന്നത്.
രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായി 40 ലക്ഷം രൂപ പ്രഖ്യാപിച്ചു. വരന്തരപ്പിള്ളി, അളഗപ്പനഗർ, തൃക്കൂർ, നെന്മണിക്കര, പുതുക്കാട് എന്നീ പഞ്ചായത്തുകളിലേക്ക് കുറുമാലിപുഴയിൽ നിന്നും ജലസേചനം സാധ്യമാകുന്നതിന് ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. ഈ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം ഇല്ലാതാക്കുന്നതിനും കാർഷികോത്പ്പാദനം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യം വെച്ചുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തത്. 18 കോടി രൂപയുടെ ഈ ബൃഹത് പദ്ധതിയുടെ ഒന്നാം ഘട്ടമാണ് പൂർത്തീകരിച്ചത്. 5 പഞ്ചായത്തുകളിലെ പതിനായിരകണക്കിനു വരുന്ന സാധാരണക്കാരുടെ കാലങ്ങളായുള്ള ജീവിതാവശ്യമാണ് ഇതോടെ സാക്ഷാത്കരിച്ചത്. അനുമതി ലഭിച്ച് രണ്ട് ദശാബ്ദത്തോടടുക്കുന്ന തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഒട്ടേറെ പ്രതിസന്ധികളെ മറികടന്നുകൊണ്ടാണ് ഒന്നാംഘട്ട പൂർത്തീകരണത്തിലെത്തിയത്.