Groundwater Department with mobile lab

കിണറ്റിലെ വെള്ളത്തിന്റെ ഗുണനിലവാര പരിശോധന

സഞ്ചരിക്കുന്ന ലാബുമായി ഭൂജലവകുപ്പ്

ആദ്യ ഘട്ട പരിശോധന 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത ഓരോ ബ്ലോക്കിൽ

സംസ്ഥാന വ്യാപകമായി കിണറുകളിലെ ജല ഗുണനിലവാരം പരിശോധിക്കുന്നതിന് പദ്ധതിയുമായി ഭൂജലവകുപ്പ്. കേരളത്തിലെ 14 ജില്ലകളിൽ നിന്നും ജല ഗുണനിലവാര പ്രശ്‌നമുള്ള ഓരോ ബ്ലോക്ക് കണ്ടെത്തി അവിടെ നിന്നുള്ള കിണറുകളിലെ ജലം പരിശോധിക്കും.

ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്കുകളിലുള്ള കിണറുകളെ പ്രത്യേകമായി നമ്പർ ചെയ്ത് അടയാളപ്പെടുത്തി ജലം പരിശോധിച്ചു ഗുണനിലവാരം കണ്ടെത്തുകയാണ് ആദ്യപടി. ഇപ്രകാരം ഉള്ള ഡാറ്റാ സമാഹാരണത്തിന് ശേഷം സംസ്ഥാനത്തെ മറ്റ് എല്ലാ ബ്ലോക്കുകളിലും ഈ പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഭൂജലവകുപ്പിന് നാഷണൽ ഹൈഡ്രോളജി പ്രോജക്ട് മുഖേനെ ലഭ്യമായിരിക്കുന്ന സഞ്ചരിക്കുന്ന ലബോറട്ടറി സൗകര്യം പ്രയോജനപ്പെടുത്തിയാണ് പദ്ധതി സൗജന്യമായി നടപ്പിലാക്കുന്നത്. ജല സാമ്പിളുകൾ ശേഖരിക്കുന്നതിനായി തെരഞ്ഞെടുത്തിരിക്കുന്ന ബ്ലോക്കുകളിൽ ഒരു സ്‌ക്വയർ കിലോമീറ്ററിൽ ഒരു നിരീക്ഷണ കിണർ എന്ന രീതിയിലാണ് കിണറുകളെ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ പദ്ധതിയിൽ പങ്കാളികളാകുവാനും തങ്ങളുടെ കിണറുകളിലെ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുവാനും ഉള്ള അവസരം പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണം.