ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിക്കും മുരിയാട്, വേളൂക്കര പഞ്ചായത്തുകൾക്കും വേണ്ടിയുള്ള സമഗ്ര ശുദ്ധജല വിതരണ പദ്ധതി യാഥാർത്ഥ്യമാകുന്നു. സംസ്ഥാന പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 19.35 കോടിയുടെയും ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 164.87 കോടി രൂപയുടെയും ഭരണാനുമതി പദ്ധതിക്കായി ലഭിച്ചിട്ടുണ്ട്. കരുവന്നൂർ പുഴയാണ് ജലസ്രോതസ്. പദ്ധതി നടപ്പിലാകുന്നതോടെ നഗരസഭയിലെയും മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാനാകും.
മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലെയും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെയും ജനങ്ങൾക്ക് ആളോഹരി പ്രതിദിനം പഞ്ചായത്തുകളിലേക്ക് 100 ലിറ്റർ വീതവും മുനിസിപ്പാലിറ്റിയിലേക്ക് 150 ലിറ്റർ വീതവും ജലവിതരണം ചെയ്ത് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
വേളൂക്കര പഞ്ചായത്തിൽ 7727, മുരിയാട് പഞ്ചായത്തിൽ 5552 വീതവും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ 74157 ഗാർഹിക കണക്ഷനുകളും നൽകാനാണ് പദ്ധതി ആദ്യഘട്ടത്തിൽ വിഭാവനം ചെയ്തിട്ടുള്ളത്.
നിലവിൽ പ്രവർത്തനാനുമതി ലഭിച്ചിരിക്കുന്ന 113.78 കോടി ഉപയോഗപ്പെടുത്തി റോ വാട്ടർ പമ്പിങ്ങ് മെയിൻ ക്ലിയർ വാട്ടർ പമ്പിങ്ങ് മെയിൻ ഇരിങ്ങാലക്കുടയിൽ നിന്ന് മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലേക്കുള്ള വിതരണ ശൃഖലയും 10 ലക്ഷം ലിറ്റർ, 12 ലക്ഷം ലിറ്റർ ജലസംഭരണികളുമാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത്.