Water quality testing labs in 28 schools across 14 districts

14 ജില്ലകളിലായി 28 സ്‌കൂളുകളിൽ ജലഗുണനിലവാരം പരിശോധനാ ലാബുകൾ സ്ഥാപിക്കുന്നു. കട്ടപ്പന ഗവ. ട്രൈബൽ സ്‌കൂളിൽ അതിന്റെ പ്രാരംഭ ഭാഗമായി പ്രവർത്തനങ്ങൾ ആരംഭിച്ചു . വിവിധ കാരണങ്ങളാൽ ശുദ്ധജല ലഭ്യത നാൾക്കുനാൾ കുറഞ്ഞു  വരുകയാണ്. വിവിധ വകുപ്പുകളും ഏജൻസികളും ജലഗുണനിലവാരം പരിശോധിച്ചു വരുന്നുണ്ട്. നമ്മുടെ നാട്ടിൽ, പട്ടണപ്രദേശങ്ങളൊഴികെ മറ്റ് എല്ലാ പ്രദേശങ്ങളിലും ഗാർഹിക ആവശ്യങ്ങൾക്കായി കിണറുകളെയോ മറ്റ് ജലസ്രോതസ്സുകളെയോ ആണ് കുടിവെള്ളത്തിനായി ജനങ്ങൾ ആശ്രയിക്കുന്നത്. ഇവിടങ്ങളിൽ ശുദ്ധജലലഭ്യത പൂർണ തോതിലാണെന്ന് ഉറപ്പുവരുത്തുവാൻ സാധിക്കാറില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 28 സ്‌കൂൾ ലബോറട്ടറികളിൽ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ ലാബുകൾ സജ്ജീകരിക്കാൻ സർക്കാർ സംവിധാനം ഒരുക്കുന്നത്.
ജലവകുപ്പിന്റെ നാഷണൽ ഹൈഡ്രോളജി പ്രോജക്ട് എന്ന പദ്ധതി പ്രകാരം ഒരു ജില്ലയിൽ രണ്ടു സ്‌കൂളുകൾ വീതം 14 ജില്ലകളിൽ 28 സ്‌കൂളുകളിലാണ് പരിശോധനാ സംവിധാനം ഒരുക്കിയിട്ടുള്ളത്. അതാതു സ്‌കൂളുകളുടെ പ്രദേശങ്ങളിലെ ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ ഈ ലാബുകൾ ഉപയോഗിക്കാൻ കഴിയും. പദ്ധതി പ്രകാരം തിരഞ്ഞെടുത്ത സ്‌കൂളുകളിൽ ജലഗുണനിലവാരം പരിശോധിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കും. ഇവ പരിശോധിക്കുന്നതിനായി വിദ്യാർഥികൾക്കും അധ്യാപകർക്കും വകുപ്പ് മുഖേന പരിശീലനം നൽകുന്നതാണ്.