Officials in the Water Resources Department should be water conservation ambassadors: Minister Roshi Augustine

ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ജലസംരക്ഷണ അംബാസഡര്‍മാരാകണം

 

ജലവിഭവ വകുപ്പിന് കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥന്മാരും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടിയുടെ അംബാസഡര്‍മാരായി മാറണമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. കേരള സംസ്ഥാന ഭൂജലവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക ജലദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഉദ്യോഗസ്ഥര്‍ ഓഫീസിലും ഫയലുകളിലും മാത്രമായി ഒതുങ്ങരുത്. പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് കാര്യക്ഷമമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോക ജലദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ മന്ത്രി ചൊല്ലിക്കൊടുത്തു. കേന്ദ്ര ഭൂജല ബോര്‍ഡ് കേരള റിജീയണല്‍ ഡയറക്ടര്‍ ഡോ. എ. സുബ്ബുരാജ്, ഈ വര്‍ഷത്തെ ലോകജലദിനത്തിന്റെ വിഷയമായ ”ഭൂജലം അദൃശ്യതയില്‍ നിന്നും ദൃശ്യതയിലേയ്ക്ക്” എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന ശില്പശാലയില്‍ ”സുസ്ഥിര വികസനം സ്ഥലജല പരിപാലനത്തിലൂടെ” എന്ന വിഷയത്തില്‍ ജലവിഭവ വികസന കേന്ദ്രം, കോഴിക്കോട്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ്. പി. സാമുവലും, ”കേരള ഭൂജല നിയമം കാലോചിത പരിഷ്‌കരണം സുസ്ഥിര വികസനത്തിന്” എന്ന വിഷയത്തില്‍ ഭൂജലവകുപ്പ് സീനിയര്‍ ഹൈഡ്രോജിയോളജിസ്റ്റ് ഡോ. ലാല്‍ തോംസണും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ”സുസ്ഥിര ഭൂജല പരിപാലനം നാടിന്റെ ആവശ്യം” എന്ന വിഷയത്തിന്മേല്‍ യുവ തലമുറയെ പ്രതിനിധീകരിച്ച് വിവിധ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.