Digital system to check water salinity prior to tube well construction

80 ലക്ഷം മുടക്കി ലോഗര്‍ യൂണിറ്റ്:മന്ത്രി റോഷി അഗസ്റ്റിന്‍  ഫ്‌ളാഗ് ഓഫ് ചെയ്തു

ട്യൂബ് വെല്‍ നിര്‍മാണത്തിന് മുന്നോടിയായി ജലത്തിലെ ഉപ്പുരസം പരിശോധിക്കാന്‍ ഇനി ഡിജിറ്റല്‍ സംവിധാനം

ഭൂജല വകുപ്പ് പുതിയതായി വാങ്ങിയ അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള ജിയോഫിസിക്കല്‍ ലോഗര്‍ യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ട്യൂബ് വെല്ലുകളുടെ നിര്‍മാണത്തിനു മുന്നോടിയായ മണ്ണിലെ ഉപ്പു രസവും ഇരുമ്പിന്റെ അംശവും അടക്കം പരിശോധിക്കുന്നതിനു വേണ്ടിയാണ് ലോഗര്‍ യൂണിറ്റ് ഉപയോഗിക്കുന്നത്. ഏകദേശം 79 ലക്ഷം രൂപ ചെലവഴിച്ചാണ് യുകെയില്‍ നിര്‍മിച്ച യൂണിറ്റ് വാങ്ങിയിരിക്കുന്നത്.

കൊല്ലം, ആലപ്പുഴ അടക്കമുള്ള തീരദേശ ജില്ലകളില്‍ തീരപ്രദശത്തുള്ള പൊതുകുടിവെള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള ശാസ്ത്രീയ പഠനം കാര്യക്ഷമമാക്കാനും ലോഗ്ഗര്‍ യൂണിറ്റ് സഹായകമാകും.

ട്യൂബ് വെല്‍ നിര്‍മാണത്തിന്റെ പ്രാരംഭഘട്ടത്തില്‍ ചെയ്യുന്ന പൈലറ്റ് കിണറിലേക്ക് ലോഗ്ഗര്‍ യൂണിറ്റ് ഉപയോഗിച്ച് വൈദ്യുത പ്രവാഹം കടത്തിവിട്ട് മണ്ണിന്റെ വിവിധ പാളികളില്‍ നിന്ന് ലഭിക്കുന്ന പ്രതിരോധം അളക്കുകയും അതുവഴി കിണറിനുള്ളിലെ വിവിധ മേഖകളിലെ മണ്ണിന്റെ തരം ശാസ്ത്രീയമായി വിശകലനം ചെയ്തു ശുദ്ധജലവും ഉപ്പുവെള്ളവും ലഭിക്കുന്ന ജലഭൃതങ്ങള്‍ കണ്ടെത്തുന്നതിനായി ജിയോഫിസിക്കല്‍ ലോഗ്ഗര്‍ ഉപയോഗിക്കുന്നു.

ലോഗര്‍ യൂണിറ്റില്‍ നിന്ന് ലഭിക്കുന്ന ഡാറ്റയുടെ അടസ്ഥാനത്തില്‍ പൈപ്പ് അസംബ്ലി രൂപകല്‍പ്പന നടത്തിയാണ് ട്യൂബ് വെല്‍ നിര്‍ണാണം പൂര്‍ത്തിയാക്കുന്നത്. വകുപ്പിന് നിലവിലുള്ള ലോഗര്‍ യൂണിറ്റ് മാനുവലായി പ്രവര്‍ത്തിപ്പിക്കുന്നതാണ്. പുതിയ ലോഗര്‍ ഡിജിറ്റല്‍ സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.