Spot billing restored

സ്‌പോട്ട് ബില്ലിങ് പുനസ്ഥാപിച്ചു

വാട്ടര്‍ അതോറിറ്റി മീറ്റര്‍ റീഡര്‍മാര്‍ ബില്ലിന്റെ പ്രിന്റ് നല്‍കും

മീറ്റര്‍ റീഡര്‍മാര്‍ വീട്ടിലെത്തി റീഡിങ് രേഖപ്പെടുത്തി ബില്‍ നല്‍കുന്ന സംവിധാനം പുനസ്ഥാപിച്ചു കൊണ്ട് വാട്ടര്‍ അതോറിറ്റി ഉത്തരവിറക്കി. എസ്എംഎസായി ബില്‍ നല്‍കുന്നതിനെതിരേ പരാതി വ്യാപകമായതോടെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ സ്‌പോട്ട് ബില്ലിങ് സംവിധാനം പുനസ്ഥാപിക്കാന്‍ എംഡിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

മീറ്റര്‍ റീഡര്‍മാര്‍ വീടുകളിലെത്തി റീഡിങ് രേഖപ്പെടുത്തി ബില്‍ നല്‍കുന്ന സംവിധാനമാണു വീണ്ടും നടപ്പാക്കുന്നത്. 6 മാസം മുന്‍പാണു വാട്ടര്‍ ബില്‍ ഓണ്‍ലൈന്‍ വഴിയാക്കിയത്. 2 മാസത്തിലൊരിക്കല്‍ മീറ്റര്‍ റീഡര്‍മാര്‍ വീടുകളിലെത്തി ബില്ലിന്റെ പ്രിന്റൗട്ട് നല്‍കുന്നതായിരുന്നു സ്‌പോട്ട് ബില്ലിങ് സംവിധാനം. ഓണ്‍ലൈനിലേക്കു മാറിയതോടെ മീറ്റര്‍ റീഡര്‍മാര്‍ റീഡിങ് ഷീറ്റിലെ വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയ ശേഷം എസ്എംഎസിലൂടെ ബില്‍ അയച്ചുകൊടുക്കുകയായിരുന്നു.

ഉപയോക്താക്കളില്‍ പലര്‍ക്കും യഥാസമയം എസ്എംഎസ് ലഭിക്കുന്നില്ലെന്നും പലരുടെയും മൊബൈല്‍ നമ്പറുകള്‍ ജല അതോറിറ്റി രേഖകളിലില്ലെന്നും പരാതിയുയര്‍ന്നു. പ്രായമായ ഉപയോക്താക്കളുടെ സാങ്കേതിക പരിജ്ഞാനക്കുറവും പ്രശ്‌നങ്ങള്‍ക്കിടയാക്കി. കുടിശികയുടെ പേരില്‍ കണക്ഷന്‍ വിഛേദിക്കാന്‍ ജീവനക്കാര്‍ എത്തുമ്പോഴാണ് ബില്‍ അടച്ചില്ലെന്നതു പലരും അറിയുന്നത്. എസ്എംഎസ് വരുന്ന ബില്‍ ശ്രദ്ധയില്‍ പെടാതെ പോവുകയും തുടര്‍ന്നു വരുന്ന ബില്ലില്‍ മുന്‍ബില്‍ അടയ്ക്കാതതിനാലുള്ള പിഴുയും ചേര്‍ത്ത് പലര്‍ക്കും ബില്‍ അടയ്‌ക്കേണ്ട സാഹചര്യവുംഉണ്ടായതിനെ തുടര്‍ന്നാണ്‌ സ്‌പോട്ട് ബില്ലിങ് പുനസ്ഥാപിച്ചത്