പ്രളയം-നിയന്ത്രണ പദ്ധതികൾ ഫലം കണ്ടുതുടങ്ങി
പ്രളയം നിയന്ത്രിക്കാന്‍ ജലവിഭവ വകുപ്പ് സ്വീകരിച്ച പദ്ധതികള്‍ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. ഒരു മഴ പെയ്താല്‍ പോലും നദികളില്‍ ജലം കരകവിഞ്ഞ് ഒഴുകുന്നതായിരുന്നു പതിവ്. 2018 ലെ മഹാപ്രളയത്തിനു ശേഷം നദികളില്‍ വലിയ തോതില്‍ ചെളിയും മണ്ണും എക്കലും അടിഞ്ഞു കൂടിയ അവസ്ഥയിലായിരുന്നു. ഇതോടെയാണ് സംസ്ഥാനത്തെ 44 നദികളുടെയും ചുമതല ഓരോ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്ക് നല്‍കിയത്.
തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൂടി പങ്കാളിത്തത്തോടെ നദികളില്‍ നിന്ന് എക്കലും മണ്ണംും ചെളിയും നീക്കം ചെയ്തു തുടങ്ങി. 33 നദികളിലെ മാലിന്യനീക്കം നൂറു ശതമാനം പൂര്‍ത്തിയായി. ശേഷിക്കുന്ന വലിയ നദികളുടെ പ്രവര്‍ത്തനം പുരോഗമിച്ചു വരികയാണ്. ഇവയുടെ കൈവഴികളെല്ലാം തന്നെ പൂര്‍വ സ്ഥിതിയിലാക്കി. ജോലി പൂര്‍ത്തിയാകുന്നതോടെ പ്രളയം ഒരുപരിധി വരെ നിയന്ത്രിക്കാന്‍ കഴിയും. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയ്ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചതെങ്കിലും കാര്യമായ പ്രളയം ഉണ്ടാകാതിരുന്നത് ആദ്യ റൗണ്ടിലെ നമ്മുടെ വിജയത്തെയാണ് സൂചിപ്പിക്കുന്നത്.
എല്ലാവര്‍ഷവും ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളില്‍ ഈ പ്രവര്‍ത്തികള്‍ ആവശ്യാനുസരണം തുടരാനാണ് തീരുമാനം. തീരദേശ സംരക്ഷണത്തിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കടലാക്രമണം അതിരൂക്ഷമായ 65 കിലോമീറ്റര്‍ തീരപ്രദേശത്ത് സ്ഥിരമായ തീരസംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 5400 കോടി രൂപയാണ് ഇതിനു വേണ്ടി വരിക. 1500 കോടി രൂപ കിഫ്ബി വഴി ലഭ്യമായിട്ടുണ്ട്. ചെല്ലാനത്തെ തീരശോഷണം തടയുന്നതിന് 344 കോടി രൂപ മുടക്കി നടപടി സ്വീകരിച്ചു. ശേഷിക്കുന്ന തീരപ്രദേശങ്ങളും സംരക്ഷിക്കും. നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെ (എന്‍സിസിആര്‍) പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടികള്‍ സ്വീകരിക്കുക.
തോട്ടപ്പള്ളി സ്പില്‍ വേയിലൂടെ കൂടുതല്‍ ജലം പുറംതള്ളാനുള്ള നടപടികള്‍ സ്വീകരിച്ചതു വഴി ഇക്കുറി കുട്ടനാട്ടിലും പ്രളയം നിയന്ത്രിക്കാന്‍ കഴിഞ്ഞു. മീനച്ചില്‍ റിവര്‍ വാലി പദ്ധതിയിലൂടെ വര്‍ഷം മുഴുവന്‍ മീനച്ചിലാറില്‍ ജലം എത്തിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്ന നിലപാടാണ് സര്‍ക്കാരിന്റേത്. 136 അടി ജലനിരപ്പ് എന്നതാണ് കേരളത്തിന്റെ നിലപാട്. ഇതില്‍ മാറ്റമില്ല. 142 ആണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് ജലവും എന്നതാണ് പ്രഖ്യാപിത ലക്ഷ്യം. ഇപ്പോഴുള്ള അണക്കെട്ടിന് 1300 അടി താഴെ പുതിയ ഡാമിനുള്ള സൈറ്റ് കണ്ടെത്തി ഡിപിആറും തയാറാക്കിയിട്ടുണ്ട്. കോടതി അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയും. കേരളത്തിന്റെ വാദങ്ങള്‍ സുപ്രീം കോടതി അംഗീകരിച്ചതിന്റെ തെളിവാണ് ടെക്‌നിക്കല്‍ മെമ്പറെ മേല്‍നോട്ട സമിതിയില്‍ ഉള്‍പ്പെടുത്തിയത്. അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കണമെന്നുള്ള കോടതിയുടെ നിര്‍ദേശവും നമ്മുക്ക് അനുകൂലമാണ്. അണക്കെട്ട് തുറക്കുമ്പോള്‍ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്നും മേല്‍നോട്ട സമിതിയോട് നിര്‍ദേശിച്ചതും കേരളത്തിന്റെ നിലപാടിന്റെ ഫലമായി ഉണ്ടായതാണ്. മുല്ലപ്പെരിയാറിനു മാത്രമായി ഒരു എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ ചുമതല നല്‍കി. മുല്ലപ്പെരിയാറില്‍ സംസ്ഥാന സര്‍ക്കാരിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്.
ജലസേചന വകുപ്പിനെ കാര്‍ഷിക സൗഹൃദ വകുപ്പായി മാറ്റുകയാണ് ലക്ഷ്യം. നാണ്യവിളകള്‍ക്കു കൂടി ജലസേചനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കെഎം മാണി ഊര്‍ജിത കാര്‍ഷിക ജലസേചന പദ്ധതിയിലൂടെ നാണ്യവിള കര്‍ഷകര്‍ക്ക് ആവശ്യമായ ജലം എത്തിക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു. പാലക്കാട് കരടിപ്പാറയിലടക്കം അഞ്ചിടത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. കൃഷി വകുപ്പുമായി ചേര്‍ന്ന് 20 സ്ഥലങ്ങള്‍ ഇതിനായി കണ്ടുവച്ചിട്ടുണ്ട്. 14 കോടി രൂപയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്.
ജലജീവന്‍ മിഷന്‍ പദ്ധതി റെക്കോഡ് വേഗത്തിലാണ് പുരോഗമിക്കുന്നത്. 40,000 കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. 2024 ഓടെ എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് അതിവേഗമാണ് സര്‍ക്കാര്‍ മുന്നേറുന്നത്. ഇക്കാര്യത്തില്‍ എംഎല്‍എമാര്‍ നല്‍കുന്ന പിന്തുണ അഭിനന്ദനാര്‍ഹമാണ്. പദ്ധതിയുടെ ഭാഗമായി പൊളിക്കുന്ന പഞ്ചായത്ത് റോഡുകള്‍ പൂര്‍വ സ്ഥിതിയില്‍ ആക്കുന്നതു കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ കരാറുകള്‍ നല്‍കുന്നത്