ചെല്ലാനം രാവുറങ്ങുന്നു, കടല്‍ പേടിയില്ലാതെ…

മഴകനക്കുമ്പോള്‍ ഭീതിയാണ് തീരദേശവാസികള്‍ക്ക്. ഓരോമഴയിലും വീടുകളിലേക്ക് കടല്‍വെള്ളം കയറും. അപ്പോഴെല്ലാം അവര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടും. ഇതിനെല്ലാം ശാശ്വതപരിഹാരം കണ്ടെത്തുകയാണ് സംസ്ഥാന ജലവിഭവ വകുപ്പ്. സംസ്ഥാനത്ത് ഒന്‍പത് ജില്ലകളിലായി 576 കിലോമീറ്റര്‍ നീളത്തിലുളളതാണ് കടല്‍ത്തീരം. 65 കിലോമീറ്റര്‍ തീരത്തിന് അടിയന്തര സംരക്ഷണം ആവശ്യമാണെന്നു കണ്ടെത്തി നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. കടല്‍ ഭിത്തി നിര്‍മിച്ചതോടെ കടല്‍ കയറുന്നത് ഏറെക്കുറേ ഒഴിവായിരിക്കുന്നു.
ഈ പ്രളയ കാലത്ത് ചെല്ലാനത്തിന്റെ അതിതീവ്ര കടലാക്രമണം നേരിടുന്ന ഭാഗങ്ങളിലെങ്കിലും ആശ്വാസം ലഭിക്കുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് സര്‍ക്കാരും ജലവിഭവ വകുപ്പും. നിലവില്‍ 40 ശതമാനം പ്രവര്‍ത്തിയാണ് പൂര്‍ത്തീകരിച്ചത്. രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശങ്ങള്‍ ഇതിലൂടെ സുരക്ഷിതമായിക്കഴിഞ്ഞു. 2023 ഏപ്രിലില്‍ പദ്ധതി പൂര്‍ണമായും പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
തീരദേശത്തിന്റെ സ്ഥിരം സംരക്ഷണമാണ് ലക്ഷ്യമിട്ടത്. ഓരോ കടല്‍ ക്ഷോഭത്തിനും താല്‍ക്കാലിക പരിഹാരം എന്ന പോംവഴികു പകരം സംവിധാനമാണ് നിലവില്‍ വന്നത് . അതിനുള്ള നടപടികളാണ് സ്വീകരിച്ചത്. സംസ്ഥാനത്ത് ഒന്‍പത് ജില്ലകളിലായി കടല്‍ തീരത്തെ 10 ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തുകയാണ് ആദ്യം ചെയ്തത്. അതില്‍ 65 കിലോമീറ്റര്‍ തീരത്തിന് അടിയന്തര സംരക്ഷണം ആവശ്യമാണെന്നു കണ്ടെത്തി നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. അഞ്ചു വര്‍ഷത്തിനുള്ളില്‍ 5300 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്.
ജലസേചന വകുപ്പ് കിഫ്ബി സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതി അനുസരിച്ച് തീരദേശത്ത് ടെട്രാപോഡുകള്‍, ജിയോട്യൂബുകള്‍ മറ്റ് ആധുനിക സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് പ്രതിരോധം തീര്‍ക്കും. തീരദേശ സംരക്ഷണം പദ്ധതി ആദ്യമായി നടപ്പാക്കുന്നത് എറണാകുളം ജില്ലയിലെ ചെല്ലാനത്താണ്. രണ്ടു ടണ്‍, 3.5 ടണ്‍ വീതം ഭാരമുള്ള ടെട്രാപോഡുകളാണ് കടല്‍ത്തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കരിങ്കല്ലിനൊപ്പം വിരിച്ചിരിക്കുന്നത്.
തിരയ്ക്കൊപ്പം മണല്‍ കടലിലേക്ക് തിരിച്ചൊഴുകുന്നത് തടയാന്‍ ഇവയ്ക്കു കഴിയും. ആവശ്യമുളളയിടങ്ങളില്‍ പുലിമുട്ട് നിര്‍മ്മിക്കും. ചെല്ലാനത്ത് വേ ബ്രിഡ്ജുകളുടെ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. ടെട്രാപോഡ്, കരിങ്കല്ല് എന്നിവ ഉപയോഗിച്ച് 10 കിലോമീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തിയും കണ്ണമാലി, ബസാര്‍ എന്നിവിടങ്ങളില്‍ പുലിമുട്ടുകളും നിര്‍മിക്കുന്നതാണ് ചെല്ലാനം പദ്ധതി.
ചെന്നൈ ആസ്ഥാനമായ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെ വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കിയത്.