Jaljeevan Mission: Drinking water for 27517 families in Ollur

ജൽജീവൻ മിഷൻ: ഒല്ലൂരിൽ 27517 കുടുംബങ്ങൾക്ക് കുടിവെള്ളം

ജൽജീവൻ മിഷൻ പദ്ധതി വഴി ഒല്ലൂർ നിയോജക മണ്ഡലത്തിൽ പുതിയതായി 27,517 കുടുംബങ്ങൾക്ക് കുടിവെള്ളം. മാടക്കത്തറ, പാണഞ്ചേരി, പുത്തൂർ പഞ്ചായത്തുകളിലാണ് ജൽജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നത്.

പുത്തൂർ ഗ്രാമപഞ്ചായത്തിൽ 12,233 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നത്. നടത്തറയിൽ 2551, മാടക്കത്തറ 5664, പാണഞ്ചേരി 8169 വീടുകളിലേയ്ക്കാണ് പൈപ്പ് കണക്ഷൻ വഴി കുടിവെള്ളം എത്തുക. പീച്ചി, മുളയം ശുദ്ധീകരണശാലകൾ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

നടത്തറ ഗ്രാമപഞ്ചായത്തിൽ നിലവിലുള്ള 7658ൽ 5107 വീടുകളിൽ ഗ്രാമീണ ശുദ്ധജല വിതരണം പദ്ധതിയിൽ ഉൾപ്പെടുത്തി കേരള വാട്ടർ അതോറിറ്റിയും ജലനിധിയുമാണ് കുടിവള്ള വിതരണം നടത്തിവരുന്നത്. പഞ്ചായത്തിൽ ശേഷിക്കുന്ന 2551 വീടുകളിലേയ്ക്കാണ് ടാപ്പ് കണക്ഷൻ വഴി കുടിവെള്ളം വിതരണം ചെയ്യുന്നത്.
മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ 7121 വീടുകളിൽ 1457 വീടുകളിലും പാണഞ്ചേരി പഞ്ചായത്തിലെ 11931 വീടുകളിൽ 3762 വീടുകളിലും ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുടിവെള്ള വിതരണം. ശേഷിക്കുന്ന വീടുകളിലേയ്ക്കാണ് ടാപ്പ് വഴി കുടിവെള്ളം എത്തിക്കുന്നത്.

ജൽജീവൻ മിഷൻ പദ്ധതിയുടെ ആകെ ചെലവിൽ 45 ശതമാനം കേന്ദ്ര സർക്കാരും 30 ശതമാനം സംസ്ഥാന സർക്കാരും 15 ശതമാനം ഗ്രാമപഞ്ചായത്തും 10 ശതമാനം ഗുണഭോക്താവും വഹിക്കണം. 2024 ഓടെ എല്ലാ ഗ്രാമീണ ഭവനങ്ങളിലും പ്രവർത്തനക്ഷമമായ ടാപ്പ് കണക്ഷൻ വഴി ശുദ്ധജലം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.