Wazhathop Panchayat Grameen Bhavana drinking water project started

ഗ്രാമീണ ഭവനങ്ങളിൽ ശുദ്ധജലം ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്‌ഷ്യം. ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കേരള വാട്ടർ അതോറിറ്റി വാഴത്തോപ്പ് പഞ്ചായത്തിൽ ഗ്രാമീണഭവന സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്.സമയബന്ധിതമായി പദ്ധതി പൂർത്തീയാക്കാനുള്ള മികച്ച പ്രവർത്തനങ്ങളാണ് സർക്കാർ ചെയ്തു വരുന്നത്. വിവിധ വകുപ്പുകളെ ഏകോപിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 2024 ൽ പദ്ധതി പൂർത്തിയാക്കുമ്പോൾ എല്ലാ ഭവനങ്ങളിലും ശുദ്ധജലം ഉറപ്പ് വരുത്താൻ സാധിക്കും.

വാഴത്തോപ്പ് പഞ്ചായത്തിലെ 3361 കുടുംബങ്ങൾക്കും കഞ്ഞിക്കുഴി പഞ്ചായത്തിലെ 245 കുടുംബങ്ങൾക്കും കുടിവെള്ളമെത്തിക്കുന്നതിനായി 1816.38 ലക്ഷം രൂപയുടെ പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇടുക്കി ഡാമിൽ നിന്നും ശേഖരിക്കുന്ന ജലം ശുദ്ധീകരിച്ച് ഗ്രാവിറ്റിയിലൂടെയും പമ്പിങ്ങിലൂടെയും വിവിധ ടാങ്കുകളിലെത്തിച്ച് വിപുലമായ വിതരണ ശൃംഖലയിലൂടെ വാഴത്തോപ്പ് പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലെയും കഞ്ഞിക്കുഴി പഞ്ചായത്തിലെ 6-ാം വാർഡിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നവിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത് . കൂടാതെ നിലവിലുള്ള ടാങ്കുകളുടെ നവീകരണ പ്രവർത്തനങ്ങളും നടത്തും.