Complaints can also be filed online

*പരാതികൾ ഓൺലൈനിലും നൽകാം

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്തുകൾ മേയ് രണ്ടു മുതൽ ജൂൺ നാല് വരെ നടക്കും. ഏപ്രിൽ ഒന്നു മുതൽ പത്തു വരെ ഓൺലൈനായും അക്ഷയകേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ നൽകാം. www.karuthal.kerala.gov.in എന്ന വെബ്സൈറ്റിലാണ് പരാതികൾ സമർപ്പിക്കേണ്ടത്. പരാതിക്കാരുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ജില്ല, താലൂക്ക് എന്നീ വിവരങ്ങൾ ഉൾപ്പെടുത്തണം. ഏപ്രിൽ ഒന്നു മുതൽ പത്തു വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ പൊതുജനങ്ങളിൽ നിന്ന് താലൂക്ക് ഓഫീസുകളിൽ നേരിട്ടും പരാതി സ്വീകരിക്കും. ലഭിക്കുന്ന പരാതികൾ ഡിജിറ്റൽ രൂപത്തിലാക്കി ജില്ലാ അദാലത്ത് മോണിറ്ററിംഗ് സെല്ലിന് സോഫ്റ്റ്വെയറിലൂടെ കൈമാറും. അദാലത്തിൽ പങ്കെടുക്കുന്നതിന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അറിയിപ്പ് നൽകും. അദാലത്ത് സംബന്ധിച്ച വിവരങ്ങൾ ജനങ്ങളെ അറിയിക്കുന്നതിന് താലൂക്ക് ഓഫീസുകളിൽ അന്വേഷണ കൗണ്ടറുകൾ പ്രവർത്തിക്കും.

അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കൈയേറ്റം തുടങ്ങി ഭൂമി സംബന്ധമായ പരാതികൾ അദാലത്തിൽ പരിഗണിക്കും. സർട്ടിഫിക്കറ്റുകൾ, ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം, തണ്ണീർത്തട സംരക്ഷണം, വീട്, വസ്തു, ലൈഫ് പദ്ധതി, വിവാഹം/ പഠനസഹായം മുതലായ ക്ഷേമപദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും അദാലത്തിൽ പരിഗണിക്കും. പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സമൂഹിക സുരക്ഷാ പെൻഷൻ കുടിശിക ലഭിക്കൽ, പെൻഷൻ എന്നീ കാര്യങ്ങളും അദാലത്തിൽ പരിശോധിക്കും. പരിസ്ഥിതി മലിനീകരണം, മാലിന്യ സംസ്‌കരണം, തെരുവുനായ ശല്യവും സംരക്ഷണവും, തെരുവ്വിളക്കുകൾ, അപകടനിലയിലുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നത്, അതിർത്തി തർക്കം, വഴി തടസപ്പെടുത്തൽ, വയാജന സംരക്ഷണം, കെട്ടിട നിർമാണ ചട്ടങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ അദാലത്തിൽ ഉന്നയിക്കാം. പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ്, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം, അതിനുള്ള നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പ് സംബന്ധിച്ച അപേക്ഷകൾ/ പരാതികൾ, വളർത്തു മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, കൃഷി നാശത്തിനുള്ള സഹായം, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇലഷ്വറൻസ് തുടങ്ങിയവയാണ് മറ്റു വിഷയങ്ങൾ.

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മത്സ്യബന്ധന തൊഴിലാളികളുടെ വിഷയങ്ങൾ, ആശുപത്രികളിലെ മരുന്നു ക്ഷാമം, ശാരീരിക, മാനസിക, ബുദ്ധിവൈകല്യമുള്ളവരുടെ പുനരധിവാസം/ ധനസഹായം, പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി തുടങ്ങിയ പരാതികളും അപേക്ഷകളും അദാലത്തിൽ പരിഗണിക്കും.

തിരുവനന്തപുരത്ത് മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, ആന്റണിരാജു, കൊല്ലത്ത് കെ. എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, പത്തനംതിട്ടയിൽ വീണാജോർജ്, പി. രാജീവ്, ജി. ആർ. അനിൽ, കോഴിക്കോട് പി. എ. മുഹമ്മദ് റിയാസ്, കെ. രാജൻ, എ. കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കോട്ടയത്ത് വി. എൻ. വാസവൻ, റോഷി അഗസ്റ്റിൻ, കണ്ണൂരിൽ കെ. രാധാകൃഷ്ണൻ, പി. പ്രസാദ്, ഇടുക്കിയിൽ വി. എൻ. വാസവൻ, റോഷി അഗസ്റ്റിൻ, എറണാകുളത്ത് പി. രാജീവ്, പി. പ്രസാദ്, തൃശൂരിൽ കെ. രാധാകൃഷ്ണൻ, ആർ. ബിന്ദു, കെ. രാജൻ, പാലക്കാട് എം. ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, മലപ്പുറത്ത് പി. എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാൻ, വയനാട് എം. ബി. രാജേഷ്, എ. കെ. ശശീന്ദ്രൻ, കാസർകോട് പി. എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, ആലപ്പുഴയിൽ സജി ചെറിയാൻ, പി. പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്തുകൾ നടക്കുക.

മേയ് രണ്ടിന് തിരുവനന്തപുരം, കൊല്ലം, കോഴഞ്ചേരി, കോഴിക്കോട്, കോട്ടയം, കണ്ണൂർ എന്നിവിടങ്ങളിലും മേയ് നാലിന് നെയ്യാറ്റിൻകര, കൊട്ടാരക്കര, മല്ലപ്പള്ളി, വടകര, ചങ്ങനാശേരി, തലശേരി എന്നിവിടങ്ങളിലും അദാലത്തുകൾ നടക്കും. മേയ് ആറിന് നെടുമങ്ങാട്, കരുനാഗപ്പള്ളി, അടൂർ, കൊയിലാണ്ടി, കാഞ്ഞിരപ്പള്ളി, തളിപ്പറമ്പ് എന്നീ സ്ഥലങ്ങളിലാണ് അദാലത്ത്. മേയ് എട്ടിന് ചിറയിൻകീഴ്, കുന്നത്തൂർ, റാന്നി, താമരശേരി, മീനച്ചിൽ, പയ്യന്നൂർ എന്നിവിടങ്ങളിലും മേയ് 9ന് വർക്കല, പത്തനാപുരം, തിരുവല്ല, വൈക്കം, ഇരിട്ടി എന്നിവിടങ്ങളിലും മേയ് 11ന് കാട്ടാക്കട, പുനലൂർ, കോന്നി എന്നിവിടങ്ങളിലും നടക്കും.

മേയ് 15ന് തൊടുപുഴ, കണയന്നൂർ, തൃശൂർ, പാലക്കാട്, ഏറനാട്, മേയ് 16ന് ദേവികുളം, നോർത്ത് പരവൂർ, മുകുന്ദപുരം, ചിറ്റൂർ, നിലമ്പൂർ എന്നിവിടങ്ങളിലും അദാലത്ത് നടക്കും. മേയ് 18ന് പീരുമേട്, ആലുവ, തലപ്പള്ളി, ആലത്തൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും മേയ് 22ന് ഉടുമ്പൻചോല, കുന്നത്തുനാട്, കൊടുങ്ങല്ലൂർ, ഒറ്റപ്പാലം, തിരൂർ എന്നിവിടങ്ങളിലും മേയ് 23ന് ഇടുക്കി, കൊച്ചി, ചാവക്കാട്, മണ്ണാർക്കാട്, പൊന്നാനി എന്നിവിടങ്ങളിലും മേയ് 25ന് മൂവാറ്റുപുഴ, ചാലക്കുടി, പട്ടാമ്പി, തിരൂരങ്ങാടി എന്നിവിടങ്ങളിലും മേയ് 26ന് കോതമംഗലം, കുന്നംകുളം, അട്ടപ്പാടി, കൊണ്ടോട്ടി എന്നിവിടങ്ങളിലും അദാലത്തുകൾ നടക്കും.

മേയ് 27ന് വൈത്തിരി, കാസർകോട്, മേയ് 29ന് സുൽത്താൻബത്തേരി, ഹോസ്ദുർഗ്, ചേർത്തല, മേയ് 30ന് മാനന്തവാടി, മഞ്ചേശ്വരം, അമ്പലപ്പുഴ, ജൂൺ ഒന്നിന് വെള്ളരിക്കുണ്ട്, കുട്ടനാട്, ജൂൺ രണ്ടിന് കാർത്തികപ്പള്ളി, മൂന്നിന് മാവേലിക്കര, നാലിന് ചെങ്ങന്നൂർ എന്നിവിടങ്ങളിലും അദാലത്തുകൾ നടക്കും.