കേരള ബാങ്കിന്റെ ഡിജിറ്റൽ സേവനങ്ങൾ ഉദ്ഘാടനം ചെയ്തതോടെ യു.പി.ഐ, കോർ ബാങ്കിങ് സേവനങ്ങളടക്കം വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ ആധുനിക ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളും കേരള ബാങ്ക് വഴിയും ലഭ്യമാകും. ഏതു പൊതുമേഖല ബാങ്കുകളോടും കിടപിടിക്കുന്നതായി കേരള ബാങ്ക് മാറുന്നതിൽ നമ്മുക്ക് അഭിമാനിക്കാം.
കേരള ബാങ്കിന്റെ അംഗങ്ങളായ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കും 2021-22 സാമ്പത്തിക വർഷത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ നൽകുന്ന എക്‌സലൻസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. സംസ്ഥാനതലത്തിൽ ഏറാമല സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനവും ബേപ്പൂർ സർവീസ് കോ-ഓപ്പറേറ്റിവ് ബാങ്കിന് രണ്ടാം സ്ഥാനവും കതിരൂർ സർവീസ് സഹകരണ ബാങ്ക്, നീലേശ്വരം സർവീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് എന്നിവയ്ക്കു മൂന്നാം സ്ഥാനവും ലഭിച്ചു.
കാർഷിക വായ്പകൾ നൽകുന്നതിനുപുറമേ ഏറാമല ബാങ്ക് കാർഷിക – സാമൂഹിക മേഖലയുടെ പുരേഗതിക്ക് വൈവിധ്യങ്ങളായ പദ്ധതികളാണ് ബാങ്ക് നടപ്പാക്കി വരുന്നത്. ഈ പ്രകടനമാണ് എക്‌സലൻസ് അവാർഡിലേക്ക് ബാങ്കിനെ നയിച്ചത്. മനയത്ത് ചന്ദ്രൻ ബാങ്ക് ചെയർമാനും, ടി. കെ. വിനോദൻ ജനറൽ മാനേജരുമായ സ്ഥാപനം ഏറാമലയിലെ കാർഷിക സമൂഹത്തിന്റെ ഊർജ ശ്രോതസ്സാണ്.
നാളികേര മേഖലയുടെ ഉണർവിനായി കോക്കനട്ട് കോംപ്ലക്‌സ് ആരംഭിച്ച് ശ്രദ്ധേയമായ ഇടപെടൽ ബാങ്ക് നടത്തിയിട്ടുണ്ട്. തേങ്ങാപ്പാൽ, ‘മയൂരം’ എന്നപേരിൽ വെളിച്ചെണ്ണ, വിർജിൻ കോക്കനട്ട് ഓയിൽ, വെന്ത വെളിച്ചെണ്ണ, ഹെയർ ഓയിൽ എന്നിവ നിർമിച്ച് വിപണിയിലിറക്കുന്നത് കർഷകർക്ക് കൈത്താങ്ങാണ്. ഓർക്കാട്ടേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്കിന് ഇന്ന് 12 ശാഖകൾ നിലവിലുണ്ട്. രണ്ട് നീതി മെഡിക്കൽസ്റ്റോറുകളും രണ്ട് പൊതുവിതരണകേന്ദ്രങ്ങളും വളംഡിപ്പോയും സ്‌കൂൾ മാർക്കറ്റുമെല്ലാം ബാങ്കിന് കീഴിലുണ്ട്.