കേരളത്തിലെ പകുതിയിലധികം ഗ്രാമീണ വീടുകളിൽ കുടിവെള്ളമെത്തിച്ച് ജലജീവൻ മിഷൻ
ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ സംസ്ഥാനത്തെ 69.92 ലക്ഷം ഗ്രാമീണ വീടുകളിൽ 35.42 ലക്ഷം വീടുകളിൽ കുടിവെള്ളമെത്തി. കേരളത്തിലെ 100 വില്ലേജുകളും 78 പഞ്ചായത്തുകളും 100 % ശതമാനം കുടിവെള്ള ലഭ്യത കൈവരിച്ച് ’ഹർ ഘർ ജൽ’ പദവിയും നേടി. മുഴുവൻ ഗ്രാമീണ വീടുകൾക്കും ടാപ്പ് വഴി കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ യൂണിയൻ-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതി 2020 ഒക്ടോബറിലാണ് സംസ്ഥാനത്താരംഭിച്ചത്.
ജൽ ജീവൻ മിഷൻ പ്രവർത്തനം ആരംഭിക്കുമ്പോഴുണ്ടായിരുന്ന 17.49 ലക്ഷം കണക്ഷൻ (ആകെ വീടുകളുടെ 24.76 %) എന്നതിൽനിന്ന് 3 വർഷത്തിനുള്ളിൽ കണക്ഷനുകളുടെ എണ്ണം 35.42 ലക്ഷമെത്തിക്കാൻ കഴിഞ്ഞു. കേരള വാട്ടർ അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് എന്നിവയാണ് സംസ്ഥാനത്ത് പദ്ധതിയുടെ നിർവഹണ ഏജൻസികൾ. യൂണിയൻ സർക്കാർ മാർഗനിർദേശമനുസരിച്ച് ഒരാൾക്ക് പ്രതിദിനം 55 ലിറ്റർ വെള്ളമാണു കണക്കാക്കിയിരിക്കുന്നത്. കേരളീയരുടെ ജലവിനിയോഗത്തിന്റെ പ്രത്യേകതകൾ പരിഗണിച്ച് സംസ്ഥാനത്ത് ഒരാൾക്ക് പ്രതിദിനം 100 ലിറ്റർ എന്നു കണക്കാക്കിയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.
ദീർഘവീക്ഷണത്തോടെയുള്ള, 40 മുതൽ 50 വർഷം വരെ പ്രവർത്തനം ഉറപ്പാക്കാൻ കഴിയുന്ന സുസ്ഥിര-സമഗ്ര കുടിവെള്ള പദ്ധതിയാണ് കേരളം നടപ്പാക്കുന്നത്. ജലജീവൻ മിഷൻ വഴി നൽകേണ്ട 53.34 ലക്ഷം കുടിവെള്ള കണക്ഷനുകൾക്കായി ₹ 40,203.61 കോടിയുടെ പദ്ധതികൾക്കാണ് അനുമതി ലഭ്യമായിട്ടുള്ളത്. ഇതുവരെ ₹ 7,737.08 കോടിയാണ് പദ്ധതിയിൽ ചെലവഴിച്ചിട്ടുള്ളത്. യൂണിയൻ-സംസ്ഥാന സർക്കാരുകളുടെ പദ്ധതി വിഹിതം 50:50 അനുപാതത്തിലാണ്.
ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി എല്ലാ ഗ്രാമീണ സ്കൂളുകളിലും അങ്കണവാടികളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. വെള്ളത്തിന്റെ ഗുണനിലവാര പരിശോധന പ്രവർത്തനങ്ങളും പദ്ധതി സഹായ പ്രവർത്തനങ്ങളും നടത്തിവരുന്നു. കേരള വാട്ടർ അതോറിറ്റിയുടെ 83 ജലഗുണനിലവാര പരിശോധന ലാബുകളാണ് സംസ്ഥാനത്തുള്ളത്. അയ്യായിരത്തോളം കുടുംബശ്രീ അംഗങ്ങൾക്ക് ഫീൽഡ് പരിശോധന കിറ്റുകൾ ഉപയോഗിച്ച് ജലഗുണനിലവാര പരിശോധിക്കുന്നതിനുള്ള പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ പ്രധാന സ്കൂളുകൾ കേന്ദ്രീകരിച്ചും വെള്ളത്തിന്റെ ഗുണമേന്മ പരിശോധിക്കാനുള്ള സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.