Kerala also wants independent experts in the inspection committee

മുല്ലപ്പെരിയാർ: സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് കേന്ദ്ര ജല കമ്മിറ്റിയുടെ അനുമതി

പരിശോധന സമിതിയിൽ സ്വതന്ത്ര വിദഗ്ധരും വേണമെന്ന് കേരളം

മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ തമിഴ്‌നാടിന് നിർദേശം നൽകിയ കേന്ദ്ര ജല കമ്മിറ്റിയുടെ തീരുമാനം കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് തെളിയിക്കുന്നതാണ്. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് ജലവും എന്നതാണ് കേരളത്തിന്റെ നയം.

കേരളം നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒരു കാര്യമായിരുന്നു സമഗ്രമായ സുരക്ഷാ പരിശോധന. അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ സുരക്ഷ, പ്രളയ സുരക്ഷ, ഓപ്പറേഷണൽ സുരക്ഷ എന്നിവ ഇതിന്റെ ഭാഗമായി വരും. 12 മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിലെ മാറിയ കാലാവസ്ഥാ സാഹചര്യവും മറ്റും സമിതിയെ ബോധ്യപ്പെടുത്തുന്നതിൽ കേരളത്തെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥർ വിജയിച്ചു.

ഇതിനു മുൻപ് 2011 ലാണ് ഇത്തരമൊരു പരിശോധന നടത്തിയിരുന്നത്. അതുകൂടി കണക്കിലെടുക്കുമ്പോൾ കേരളത്തിന് അനുകൂലമായി ലഭിച്ച ഈ തീരുമാനം ജനങ്ങൾക്ക് ആശ്വസിക്കാൻ വക നൽകുന്നതാണ്.

സ്വതന്ത്ര വിദഗ്ദൻമാർ ഉൾപ്പെടുന്ന സമിതിയാകും പരിശോധന നടത്തുക. 2021-ലെ ഡാം സുരക്ഷാ നിയമ പ്രകാരം ഇങ്ങനെയുള്ള പരിശോധന 2026-ൽ മാത്രം നടത്തിയാൽ മതിയെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടാണ് കമ്മിറ്റി ഈ തീരുമാനം എടുത്തത്. സുരക്ഷാ പരിശോധനകളിൽ ഏതെങ്കിലും ഒന്നിൽ സുരക്ഷിതത്വം കുറവുണ്ടെന്ന് കണ്ടെത്താൻ സാധിച്ചാൽ സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ കേരളത്തിന്റെ വാദത്തിന് ബലം വർധിക്കും.