ഭൂജല സെൻസസുമായി ജലവിഭവ വകുപ്പ്; ജലശ്രോതസ്സുകളുടെ വിവരം ശേഖരിക്കും
കുടുംബശ്രീ പ്രവർത്തകർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കും.
സംസ്ഥാനത്തെ ഭൂജല സ്രോതസ്സുകളുടെ വിവര ശേഖരണത്തിനായി ‘വെൽ സെൻസസ്’ നടപ്പിലാക്കാൻ തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ. ഭൂജല വകുപ്പ് കുടുംബശ്രീ അംഗങ്ങൾ മുഖേന വീടുകളിൽ എത്തിയാകും സെൻസസ് എടുക്കുക. വീടുകളിൽ എത്തുന്ന സെൻസസ് പ്രവർത്തകർക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനൊപ്പം പൊതുജനങ്ങളുടെ പൂർണ സഹകരണം ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു.
പദ്ധതിയിലൂടെ സംസ്ഥാനത്തെ മുഴുവൻ കിണറുകൾ, കുഴൽ കിണറുകൾ, കുളങ്ങൾ, നീരുറവകൾ എന്നിങ്ങനെ എല്ലാവിധ ഭൂജല സ്രോതസ്സുകളുടെയും സ്ഥാനം, തരം, ആഴം, ജല ലഭ്യത, ഉപയോഗം മണ്ണിന്റെ ഘടന തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലായാകും പദ്ധതി പൂർത്തിയാക്കുക.
ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 93 ബ്ലോക്കുകളിലാണ് സെൻസസ് നടപടികൾ ആരംഭിക്കുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച കുടുംബശ്രീ പ്രവർത്തകർ വഴി ‘നീരറിവ്’ എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. കൃത്യമായ വിവരങ്ങൾ നൽകുന്നതു വഴി ഭാവിയിൽ ഭൂജല വിഭവവുമായി ഉണ്ടാകാൻ സാധ്യതയുള്ള പ്രതിസന്ധികൾ മനസിലാക്കുന്നതിനും അവ പരിഹരിക്കുന്നതിനും നടപടികൾ സ്വീകരിക്കാൻ കഴിയും.
സെൻസെസ് പൂർത്തിയാകുന്നതോടെ കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലെയും ഭൂജല വിഭവ ശേഷി മനസ്സിലാകുവാനും വരൾച്ച സാധ്യതാ മേഖലകൾ കണ്ടെത്തി ശാസ്ത്രീയമായ ഭൂജല സാംപോഷണ പദ്ധതികൾ ആവിഷ്കരിക്കുവാനും വരൾച്ചാ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുവാനും, ശുദ്ധജല ലഭ്യത ഉറപ്പാക്കുവാനും ജലജന്യ രോഗങ്ങൾ തടയുവാനും സാധിക്കുമെന്നും പറഞ്ഞു.