സമഗ്ര ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു
നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിലുൾപ്പെട്ട അതിയന്നൂർ പഞ്ചായത്തിനും, കോവളം നിയോജക മണ്ഡലത്തിലുൾപ്പെട്ട കോട്ടുകാൽ പഞ്ചായത്തിനും വേണ്ടിയുള്ള സമഗ്ര ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കിഫ്ബി സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കിഫ്ബി വഴി 25.49 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയാണ് ആദ്യ ഘട്ടം പൂർത്തിയാക്കുന്നത്.
ജലവിതരണശൃംഖല വഴി അതിയന്നൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനാണ് ഒന്നാം ഘട്ടത്തിലുദ്ദേശിക്കുന്നത്. ഈ പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തികൾക്കു വേണ്ടി ജലജീവൻ മിഷനിലുൾപ്പെടുത്തി അതിയന്നൂർ പഞ്ചായത്തിന് 30.34 കോടി രൂപയുടെയും, കോട്ടുകാൽ പഞ്ചായത്തിന് 41.89 കോടി രൂപയുടെയും ഭരണാനുമതി നൽകിയിട്ടുണ്ട്. അതിയന്നൂർ, കോട്ടുകാൽ പഞ്ചായത്തുകളിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധജലം ലഭ്യമാക്കുന്നതിനാണ് ഈ തുക ലഭ്യമായിട്ടുളളത്. ഇതിന്റെ ഭാഗമായി അതിയന്നൂർ പഞ്ചായത്തിലെ നെല്ലിമൂടിൽ 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉപരിതലജലസംഭരണിയുടെ നിർമ്മാണം പുരോഗമിച്ചു വരികയാണ്.