Water can now be tested in 28 school labs in 14 districts

സംസ്ഥാനത്തെ 14 ജില്ലകളിലെ 28 സ്‌കൂൾ ലബോറട്ടറികളിൽ ജലഗുണനിലവാര പരിശോധന ലാബുകൾക്ക് തുടക്കം. നാഷണൽ ഹൈഡ്രോളജി പ്രൊജക്ടിന്റെ ഭാഗമായാണ് സംസ്ഥാനത്തെ വിവിധ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ജലഗുണനിലവാര പരിശോധന ലാബുകൾ സജ്ജമാക്കിയിരിക്കുന്നത്. കട്ടപ്പന ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂളിൽ പദ്ധതി ആരംഭിച്ചു. കാലാവസ്ഥാ വ്യതിയാനവും അനുബന്ധ ബുദ്ധിമുട്ടുകളും പരിഗണിക്കുമ്പോൾ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമായാണ്. ശുദ്ധജല ലഭ്യതയും ഗുണനിലവാരവും ഉറപ്പുവരുത്തേണ്ടത് അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇതിന് ആവശ്യമായ പരിശോധനകൾ എത്രയും വേഗം നടപ്പിലാക്കാൻ കഴിയുന്ന മാർഗം ഹയർസെക്കൻഡറി സ്‌കൂളുകളിലെ കെമിസ്ട്രി ലാബുകളാണ്. ഇത് പ്രയോജനപ്പെടുത്തിയാണ് ഇത്തരത്തിൽ പദ്ധതി ആവിഷ്‌കരിച്ചത്. നിലവിലുള്ള പരിശോധനകളിലെ 16 ഇനങ്ങൾ ഇത്തരം ലാബുകളിൽ പരിശോധിക്കാൻ സാധിക്കും. ഈ ലാബുകൾ വഴി കുറഞ്ഞ നിരക്കിൽ പരിശോധനകൾ നടത്താൻ കഴിയുന്നത് സാധാരണക്കാർക്ക് ഏറെ പ്രയോജനകരമാണ്.

പദ്ധതി പ്രകാരം തിരഞ്ഞെടുത്ത സ്‌കൂളുകളിൽ ജല ഗുണനിലവാരം പരിശോധിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഗുണനിലവാര പരിശോധനക്ക് വിദ്യാർഥികൾക്കും അധ്യാപകർക്കും വകുപ്പ് മുഖേന പരിശീലനവും നൽകും.